An audio version of the Malayalam Short Story Nainaan By Joy Isaac: Story No. 5 - Vrksha Grantham
നൈനാൻ യാത്രതുടർന്നു. മലകളും താഴ്വരകളും കാടുകളും താണ്ടിയുള്ള
യാത്ര അങ്ങനെ നൈനാൻ ഒരു വിജനപ്രദേശത്ത് എത്തിപ്പെട്ടു. ഏതെങ്കിലും ഒരു മരത്തിന് ചുവട്ടിൽ
വിശ്രമിക്കാം എന്ന് ചിന്തിച്ചു ചുറ്റും നോക്കിയ നൈനാന് ഒരു മരവും കണ്ടെത്താനായില്ല.
സൂര്യനസ്തമിച്ചെന്നു കരുതി മുകളിലേക്കു നോക്കിയ നൈനാനെ
ആ കാഴ്ച അത്ഭുതപ്പെടുത്തി. അനേകായിരം മീറ്റർ അകലെ ഉയരത്തിൽ പന്തലിട്ട പോലെ വിരിഞ്ഞുനിൽക്കുന്ന
വൃക്ഷ ശിഖരങ്ങൾ. ഇതെന്താണെന്ന് കൗതുകം തോന്നിയ നൈനാൻ മുമ്പോട്ടു നടന്നു. അങ്ങുദൂരെ
വളരെ വിശാലമായി വളർന്നു പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു വൃക്ഷം.
ആ പടുകൂറ്റൻ വൃക്ഷത്തിന് അടിയിൽ ആണ് താൻ നിൽക്കുന്നത്
എന്നത് നൈനാനെ അത്ഭുതപ്പെടുത്തി. ആ
മരത്തിന്റെ താഴെ ഒരു പുല്ലു പോലും കിളുത്തിട്ടില്ല അതിൻറെ ഉണങ്ങിയതും വാടിയതും ചീഞ്ഞതുമായ
ഫലങ്ങളാൽ നിലം ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.
ഇത്രയും വലിയ മരങ്ങളും ലോകത്തുണ്ടോ? ഇത് എന്ത് മരമായിരിക്കും?
ഈ മരത്തിൻറെ ആയുസ്സ് എത്രയായിരിക്കും? ഇത്രയും വലിയ മരത്തെക്കുറിച്ച് താൻ എവിടെയെങ്കിലും
പഠിച്ചിട്ടുണ്ടോ? ഇതായിരിക്കുമോ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മരം? ഇങ്ങനെ
പല ചിന്തകളും നൈനാന്റെ മനസിലൂടെ കടന്നുപോയി.
ശാസ്ത്രത്തിന് അതെല്ലാം കണ്ടെത്താൻ സാധിക്കുമായിരിക്കും.
പക്ഷെ ശാസ്ത്രജ്ഞന്മാർക്ക് ഈ മരത്തെക്കുറിച്ച് അറിയാമോ? ചിന്താധീനനായ നൈനാൻ എന്തോ വീഴുന്ന
ശബ്ദം കേട്ടാണ് ഇടത്തേക്ക് തിരിഞ്ഞു നോക്കിയത്.
ഇതാ തന്നോട് ചേർന്ന് തനിക്കായ് എന്നപോലെ ആ മരത്തിൽ നിന്നും
ഒരു ഫലം വീണിരിക്കുന്നു. നൈനാൻ അത് കൈകളിൽ എടുത്തു. കാണാൻ നല്ല കൗതുകം ഉള്ള ഫലം.
എന്നാൽ താൻ ഇന്നുവരെ കഴിച്ചിട്ടുള്ള ഫലങ്ങളിൽ ഒന്നിനോടും അതിനു സാമ്യം ഉണ്ടായിരുന്നില്ല.
കാണാൻ അത്ര മനോഹരമായ ആ പഴം കഴിക്കാനുള്ളത് ആയിരിക്കുമോ
അല്ലയോ എന്ന് ചിന്തിക്കുന്നതിനു മുമ്പ് തന്നെ കൈകൾ അവയെ നൈനാൻറെ വായിൽ എത്തിച്ചു.
ഒന്ന് കടിച്ചതും നൈനാൻ അതിനെ വായിൽ നിന്നും പുറത്തേക്കു തുപ്പി. അനേകം വിഭിന്ന പഴങ്ങളുടെ സ്വാദ്
ഒന്നിക്കുന്ന ഒരു ഫലം.
ഇത് കഴിക്കാൻ യോഗ്യമാണോ? ഇത്രയും സ്വാദിഷ്ടമായ
ഒന്ന് ഇതുവരെ രുചിച്ചിട്ടില്ല. ഒരു തുള്ളി നീര് അകത്തായി കാണുകയുള്ളൂ. അതിനാൽ
തനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നറിയാൻ നൈനാൻ കാത്തിരുന്നു.
ഒന്നും സംഭവിക്കുന്നില്ല എന്ന് മനസ്സിലാക്കിയ നൈനാൻ ആ
ഫലത്തിൽ നിന്നും ഒരു കഷണം കടിച്ചെടുത്തു. എന്തെന്നില്ലാത്ത അനർഗളമായ സ്വാദ്.
നാക്കിൽ നിന്നും വായുടെ ഇതരഭാഗങ്ങളിൽ നിന്നും സന്തോഷസ്രവം പോലെ ഉമിനീർ നീർച്ചാൽ പോലെ
ഒഴുകി ഇറങ്ങി.
ലോകത്തെങ്ങും എവിടെയും കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ലാത്ത
ഈ ഫലം എന്തായിരിക്കും എന്ന് നൈനാൻ ചിന്തിച്ചു കൊണ്ടിരുന്നു. അത് മുഴുവൻ കഴിച്ചു കഴിഞ്ഞപ്പോഴാണ്
നൈനാൻ ഒരു കാര്യം ശ്രദ്ധിച്ചത് ആ മരത്തിൻറെ ഫലത്തിന് വിത്ത് ഇല്ല എന്നുള്ളത്.
ഇത്രയും സ്വാദിഷ്ടമായ ഒരു ഫലം നൽകുന്ന വൃക്ഷത്തിൻറെ പഴത്തിന്
കുരുവില്ല എന്ന് വിശ്വസിക്കാൻ നൈനാന് സാധിച്ചില്ല. അതിനാൽ താഴെ കിടന്നിരുന്ന ഉണങ്ങിയ
ഫലങ്ങൾ കയ്യിലെടുത്തു നൈനാൻ ഓരോന്നായി പൊട്ടിച്ചു നോക്കി. ഒന്നിനും കുരു ഉണ്ടായിരുന്നില്ല................
No comments:
Post a Comment